സ്വാതന്ത്രനാന്തര ഭാരതത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്ക അവസ്ഥ നേരിടുന്ന സമുദായങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട മണ്ഡൽ കമ്മീഷൻ ബോധിപ്പിച്ച റിപ്പോർട്ട് അടിസ്ഥാനപെടുത്തി 1993ൽ വിജ്ഞാപനം ചെയ്ത കേന്ദ്ര OBC ലിസ്റ്റിലെ കേരള സംസ്ഥാന പട്ടികയിൽ 59 മതായി വടുക സമുദായത്തെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. തലമുറകളായി കാർഷിക വൃത്തിയെ ഉപജീവനമാർഗമായി അനുവർത്തിച്ചു വന്ന വടുക സമുദായത്തിലെ അംഗങ്ങൾ കേരളത്തിൽ ഭൂപരിഷ്കരണം പ്രാബല്യത്തിൽ വന്ന പ്രകാരം കുടിയാന്മാരിൽ നിന്നും ഭൂവുടമകളായി പരിണമിച്ചിട്ടുള്ളതാണ് എങ്കിലും സമുദായ അംഗങ്ങളുടെ ജീവിത നിലവാരത്തിൽ കാര്യമായ പുരോഗതി കൈവരിക്കുവാൻ സാധിക്കാതെ പിന്നോക്കാവസ്ഥയിൽ തുടർന്ന് വന്നിട്ടുള്ളതാണ് .
എന്നാൽ താരതമ്യേന ഉയർന്ന വിദ്യാഭ്യാസവും സർക്കാർ മേഖലയിൽ ജോലി നേടിയവരുമായതിൽ ചില സുമനസ്സുകൾ സമുദായ അംഗങ്ങളുടെ ജീവിതനിലവാരത്തിലും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസവും സ്ഥിരവരുമാനവും സാമ്പത്തിക സുരക്ഷിതത്വവും അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിയുകയും സമുദായത്തിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി പ്രവർത്തനങ്ങൾ ആരംഭിക്കുകയും സമുദായ അംഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനായി ഒരു സംഘടന രൂപീകരിക്കുവാൻ ശ്രമിക്കുകയും അനവധി പരാജിത ശ്രമങ്ങൾക്ക് ശേഷം 1998 ൽ കടുക്കാംകുന്നം സ്കൂളിൽ വച്ച് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ SSLC വിജയികളായ 37 വിദ്യാർത്ഥികൾക്ക് അനുമോദനം നൽകിക്കൊണ്ട് വടുക സമുദായ സാംസ്കാരിക സമിതി (VSSS) രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുള്ളതാണ്.
സമുദായത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ചിങ്ങമാസത്തിലെ അവിട്ടം ദിനത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന സമ്മേളനം സംഘടിപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി 'വിളക്ക്' എന്ന പേരിൽ മാസികയും കലണ്ടറും പ്രസിദ്ധീകരിക്കുകയും പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗമായ കൊപ്പത്ത് സംഘടനയുടെ പേരിൽ സ്വന്തമായി സ്ഥലം വാങ്ങി ഓഫീസ് ആരംഭിക്കുകയും പിന്നീട് സംഘടന പ്രവർത്തനം വിപുലപ്പെടുത്തി സമാന സമുദായങ്ങളുടെ കൂട്ടായ്മയായ MBCF ൽ അംഗമാവുകയും ചരിത്ര നേട്ടമായി സമുദായത്തിലെ വിദ്യാർത്ഥികൾക്ക് OEC വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കരസ്ഥമാക്കുവാനും സാധിച്ചിട്ടുള്ളതാണ്. സംഘടന സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി UAE യൂണിറ്റ്, KSRTC കൂട്ടായ്മ, വനിതാ സ്വയംസഹായ സംഘം, യൂത്ത് വിങ്ങ്, സൈനിക കൂട്ടായ്മ എന്നീ പോഷക വിഭാഗങ്ങൾ ആരംഭിച്ച് പ്രവർത്തിച്ചു വരുന്നതുമാണ്. പിന്നീട് ഓഫീസിനോട് ചേർന്നുള്ള സ്ഥലം വാങ്ങുകയും സമുദായ അംഗങ്ങളിൽ നിന്നും സമർപ്പണമായി സംഭാവനകൾ സ്വീകരിച്ചുകൊണ്ട് സൗകര്യപ്രദമായ ആസ്ഥാന മന്ദിരം നിർമിക്കുകയും ചെയ്തിട്ടുള്ളതുമാണ്. നിലവിൽ നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നതുമാണ്.